തിരുവല്ല: വീട്ടമ്മയെ അടിച്ചു വീഴ്‌ത്തി പത്തു പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുത്തൂരിന് സമീപം മന്നംകരച്ചിറയിൽ തനിച്ചുതാമസിക്കുന്ന വീട്ടമ്മയാണ് മോഷണത്തിന് ഇരയായത്. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി വിലാസത്തിൽ ശാന്തി(57)ആണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

വീടിന്റെ ഹാളിനുള്ളിൽ അനക്കം കേട്ട് എത്തിയപ്പോൾ ഒരാൾ കഴുത്തിൽ കടന്നുപിടിച്ചതായി ശാന്തി പറഞ്ഞു. കൊല്ലരുതേയെന്ന് പറഞ്ഞപ്പോൾ മാല, രണ്ടുവളകൾ, ഒരുകമ്മൽ എന്നിവ ഊരിയെടുത്തു. ഇതിനിടെ മുഖത്ത് പലവട്ടം ഇടിക്കുകയുംചെയ്തു. ചതവും പല്ലിന് പൊട്ടലുമുണ്ട്. മുഖത്ത് പരിക്കേറ്റ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സമീപവാസികൾ എത്തിയാണ് ശാന്തിയെ ആശുപത്രിയിലാക്കിയത്.

ശാന്തിയുടെ ഭർത്താവ് ഡോ. സുരേഷ് നേരത്തെ മരിച്ചു. മകൾ തിരുവനന്തപുരത്ത് പഠിക്കുകയാണ്. കഴിഞ്ഞദിവസമാണ് മകൾ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. റിട്ട. സർക്കാർ ഉദ്യോഗസ്ഥയാണ് ശാന്തി. വീട്ടിൽ നവീകരണ ജോലികൾ നടക്കുന്നുണ്ട്. കവർച്ചയ്ക്കുശേഷം മോഷ്ടാവ് മുൻവാതിലിലൂടെ ഓടിരക്ഷപ്പെട്ടതായി ഇവർ പറഞ്ഞു. നല്ല ഉയരമുള്ളതും മലയാളം സംസാരിക്കുന്നയാളുമാണ് മോഷ്ടാവ്.