കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് മുള്ളിരിങ്ങാട് വെള്ളക്കയത്ത് ഉണ്ടായ വെള്ളപ്പാച്ചില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറില്‍ സഞ്ചരിച്ചിരുന്ന വൈദികന്‍ നീന്തി രക്ഷപെട്ടു.

ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. മുള്ളിരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പിള്ളിയാണ് ഒഴുക്കില്‍പ്പെട്ടത്. കാര്‍ ഒഴുക്കില്‍പ്പെട്ടെന്നും ഒരു വിധത്തില്‍ ഡോര്‍ തുറന്ന് വൈദികന്‍ നീന്തി രക്ഷപെടുകയായിരുന്നു എന്നുമാണ് ഏറ്റവും ഒടുവില്‍ ലഭി്ക്കുന്ന വിവരം.

ഇടവകയിലെ ഭവന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് വൈദികന്‍ കാര്‍ സഹിതം ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹം രക്ഷപെട്ട് പ്രദേശത്തെ ഒരു വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഇവിടെ നിന്നും പുറത്തുകടക്കാനാവാത്ത അവസ്ഥയിലാണ് വൈദികന്‍. കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി എന്നാണ് ലഭ്യമായ വിവരം.

മുള്ളിരിങ്ങാട് മേഖലയില്‍ മണിക്കൂറുകളായി കനത്ത മഴ പെയ്യുന്നുണ്ട്. ഇതെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലാണ് വൈദികന്‍ അകപ്പെട്ടത്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കയത്ത് ഉരുള്‍പൊട്ടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശശക്തിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും അധികൃതരുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാത്രിയോടെ പരീക്കണ്ണിപ്പുഴയില്‍ വലിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരങ്ങളില്‍ താമസിയ്ക്കുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കുന്നുണ്ട്്.