തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ വീടുകയറി ആക്രമിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പിടിയിലായ സജാദിനും രഞ്ജിത്തിനും എതിരെ വധശ്രമകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഷഹനാസിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഗൾഫിൽ നിന്നാണെന്ന് പ്രതി സജാദ് മൊഴി നൽകി. പക്ഷേ അക്രമത്തിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

അക്രമികളെ അറിയില്ലെന്ന ഷഹനാസിന്റെ മൊഴിയിൽനിന്ന് തന്നെ ക്വട്ടേഷൻ ആണോ എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഗൾഫിൽ നിന്നുള്ള ക്വട്ടേഷൻ ഏറ്റെടുത്തതാണെന്ന് പ്രതികൾ സമ്മതിച്ചു. കൊല്ലം സ്വദേശി അൻവർ പിടിയിലായ സജാദിന് ക്വട്ടേഷൻ നൽകുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സജാദിനെയും രഞ്ജിത്തിനെയും പോത്തൻകോട് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി സജീവിന്റെ സഹോദരനാണ് പിടിയിലായ സജാദ്. ഇന്നലെയാണ് ഷഹനാസിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചത്.

കമ്പിവടികൾ കൊണ്ടുള്ള അടിയേറ്റ് ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. വധശ്രമത്തിന് കേസെടുത്ത പൊലീസ് റിമാൻഡിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പിടിയിലാകാനുള്ള മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.