വൈക്കം: വൈക്കത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു. ചെമ്പിലും മറവൻതുരുത്തിലുമാണ് ഇന്നലെ തെരുവുനായ്ക്കൾ നാട്ടുകാരെ ആക്രമിച്ചത്. മറവൻതുരുത്ത് പഞ്ചായത്തിൽ ഒരു നായ ഒൻപതു പേരെയും ചെമ്പിൽ മറ്റൊരു നായ ഒരാളെയുമാണ് കടിച്ചത്. രണ്ടു നായ്ക്കളെയും കണ്ടെത്താനായിട്ടില്ല. എല്ലാവരുടെയും കാലിനു താഴെയാണ് കടിയേറ്റത്.

മറവൻതുരുത്ത് പഞ്ചായത്തിൽ അപ്പക്കോട് അംബിക (47), സജിത് ഭവനിൽ പത്മകുമാരി (60), അനിൽ നിവാസിൽ രഞ്ജിനി (44), ജ്യോതി ഭവനിൽ ഗോവിന്ദരാജൻ (68), തോട്ടം കണ്ടത്തിൽ പ്രഭാകരൻ (75), കനകവിലാസത്തിൽ പാർവതി (19), അപ്പക്കോട് ബിന്ദു (47), കട്ടത്തറ തസിൽ (54), ജഹിസ്തിയമ്മാൾ (55) എന്നിവർക്കും ചെമ്പ് പഞ്ചായത്തിൽ മുറിഞ്ഞപുഴ കൂമ്പേൽ ജിതിനു (36)മാണ് കടിയേറ്റത്.

ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചെമ്പിൽ ആക്രമണം നടത്തിയത് ചാരനിറമുള്ള തെരുവുനായയാണ്. എന്നാൽ മറവൻതുരുത്തിലെ കറുപ്പും വെളുപ്പും നിറമുള്ള മുറിവാലൻ നായയ്ക്ക് ഒരാൾ സ്ഥിരം തീറ്റ നൽകിയിരുന്നതായി പൊലീസ് പറയുന്നു.