- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടർക്ക് പരിക്കേറ്റത് വയറ്റിൽ; രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ ഭർത്താവ് ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതിയായ ഭർത്താവിനെതിരെ കുറ്റപത്രം; പ്രതി സെന്തിൽകുമാർ
തിരുവനന്തപുരം: രോഗിയുടെ മരണം അറിയിച്ച മെഡിക്കൽ കോളേജ് ന്യൂറോ സർജനായ വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഓപ്പറേഷനെ തുടർന്ന് മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം വളിച്ചെക്കാല റ്റി.ബി. ജംഗ്ഷൻ പുതുമനയിൽ സെന്തിൽ കുമാർ (52) ആണ് ഏക പ്രതി. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി 2022 നവംബർ 22 അർദ്ധ രാത്രിയാണ് മരിച്ചത്. 23 ന് പുലർച്ചെ 1.20 ന് ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോക്ടർ മേരി ഫ്രാൻസിസിനെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ വനിതാ ഡോക്ടർക്ക് വയറ്റിൽ പരിക്കേറ്റു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷൻ തീയറ്ററിന് മുന്നിലാണ് സംഭവം നടന്നത്.
സെന്തിലിന്റെ ഭാര്യ ശുഭ (46) ക്ക് ബ്രെയിൻ ട്യൂമറായിരുന്നു. നവംബർ 6 നാണ് സൂപ്പർ സ്പെഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചത്. 21 ന് ശസ്ത്രക്രിയ നടത്തി ഐ സി യു ( ഇന്റൻസീവ് കെയർ യൂണിറ്റ് ) തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവേ മരണപ്പെട്ടു. ഇത് പറയാൻ പുറത്തേക്ക് വന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചതിന് പിന്നാലെയാണ് ആക്രമിച്ചത്. പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അറസ്റ്റ് ഭയന്നുള്ള മുൻകൂർ ജാമ്യ ഹർജിയിൽ 2022 നവംബർ 26 ന് സെന്തിൽകുമാറിന് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 332 (പൊതുസേവകന്റെ ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുതുന്നതിലേക്കായി സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 2012 ലെ ഹെൽത്ത് കെയർ സർവ്വീസ് പെൻഷൻ ആൻഡ് ഹെൽത്ത് കെയർ സർവ്വീസ് ഇൻസ്റ്റിറ്റിയൂഷൻസ് ( പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജസ് റ്റു പ്രോപ്പർട്ടി ) നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകൾ ചേർത്താണ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അന്ന് പ്രതിഷേധിച്ചിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടർമാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്