തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ തട്ടിപ്പ് കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ യുഡിഎഫ് സമരത്തിലേക്ക്. അടുത്ത മാസം 18ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. സോളറിൽ ഗൂഢാലോചന തെളിഞ്ഞെന്നും സിബിഐ കണ്ടെത്തലിൽ നടപടിയെടുക്കണമെന്നും യുഡിഎഫ് ആവശ്യമുയർത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിൽ പ്രക്ഷോഭം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎംഹസൻ വ്യക്തമാക്കി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. പുതുപ്പള്ളി ജനവിധിയുടെ ഊർജം ഉൾക്കൊണ്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.

വിലക്കയറ്റം, അഴിമതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരം തേടിക്കൊണ്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഒക്ടോബർ പത്ത് മുതൽ 15 വരെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപ്പെട്ട 12 യുഡിഎഫ് വോളണ്ടിയർമാർ ഈ ദിവസങ്ങളിൽ പദയാത്ര നടത്തും.