കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടുമുങ്ങി ചികിത്സയിൽ കഴിയവെ മരണമടഞ്ഞ മുഹമ്മദ് സവാദിന് നാടിന്റെ യാത്രാമൊഴി. ബുധനാഴ്‌ച്ച ഉച്ചയോടെ എളയാവൂരിലെ വീട്ടിലും മനാവുറൽ ഹുദ മദ്രസ, സി. എച്ച്. എം ഹയർസെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വെച്ച ശേഷം ഭൗതിക ശരീരം എളയാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് അപകടമുണ്ടായത്.

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അപകടങ്ങൾ പതിവാകുമ്പോഴും ബീച്ചുകളിൽ മതിയായ സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആറുപേരാണ് പയ്യാമ്പലം ബീച്ചിൽ മാത്രം നടന്നത്. കഴിഞ്ഞ ഞായറാഴ്‌ച്ച പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു എളയാവൂർ സ്വദേശി സവാദ്(13) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഫുട്ബോൾ പരിശീലനം കഴിഞ്ഞു ബീച്ചിൽ കുളിക്കാനെത്തിയതായിരുന്നുസവാദും കൂട്ടുകാരും.

ഈസമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൺ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്‌ച്ച രാത്രിമരണമടയുകയായിരുന്നു. തുടർച്ചയായി അപകടങ്ങൾ ആവർത്തിക്കുമ്പോഴും ജില്ലയിലെ ബീച്ചുകളിൽ മതിയായ ലൈഫ് ഗാർഡുകളെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. അവധി ദിവസങ്ങളിലും ആഘോഷവേളകളിലുമെല്ലാം നിരവധി സന്ദർശകർ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചു ബീച്ചുകളിലെത്തുന്നുണ്ട്. എന്നാൽ ജില്ലയിലെ ഏഴുബീച്ചുകളിലായി നിലവിലുള്ളത് പന്ത്രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്.



എഴുപത്തിരണ്ടോളം വേണ്ടിടത്താണ് പന്ത്രണ്ടുപേരെ ബീച്ചിലെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലാണ് ഏറ്റവും കൂടുതൽ ആളുകളെത്തുന്നത്. അഞ്ചുവീതം ലൈഫ് ഗാർഡുകൾ മാത്രമാണ് ഇവിടെയുള്ളത്. പയ്യാമ്പലത്ത് നടപ്പാത മാത്രം ഒരുകിലോമീറ്ററാണുള്ളത്. ഇവിടെ 200-മീറ്ററിൽ അഞ്ചു ഡ്യൂട്ടി പോയന്റുകൾ നിശ്ചയിച്ചു രണ്ടു പേരെങ്കിലും ഒരു ഷിഫ്റ്റിൽ ആവശ്യമാണ്. അതായത് ഇരുപതുപേരെങ്കിലും ഒരു ഷിഫ്റ്റിൽ ആവശ്യമാണ്. അതായത് ഇരുപതു പേരെങ്കിലും വേണം. ഇതിനു പുറമേ നീർക്കടവ് വരെ വേറെയും വേണം. പാർക്കിങ് ഏരിയകുറവായതിനാൽ തിരക്കുള്ള ദിവസങ്ങളിൽ കിലോമീറ്ററോളം വാഹനങ്ങൾ നിർത്തിയിട്ടാണ് ആളുകൾ ബീച്ചിലിറങ്ങുന്നത്.

ഇവിടങ്ങളിൽ ലൈഫ് ഗാർഡുകളെ നിയമിച്ചില്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചാൽ അപകടമൊഴിവാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലു സമാനമായ സാഹചര്യമാണുള്ളത്. നാലരകിലോമീറ്ററാണ് ഇവിടെ ബീച്ചുള്ളത്. ഇവിടെ ഒരുകിലോമീറ്ററിൽ രണ്ടുപേരെ നിയോഗിച്ചാൽ മാത്രമാണ് ഒരു ഷിഫ്റ്റിൽ രണ്ടുപേരെങ്കിലും ഉണ്ടാവുകയുള്ളൂ. ധർമടം ബീച്ചിൽ ആകെ രണ്ടുപേരാണുള്ളത്. ഒരു ഷിഫ്റ്റിൽ ഒരുമാത്രമാകുമ്പോൾ ഒരു അപകടം സംഭവിച്ചാൽ ലൈഫ് ഗാർഡന്റെ ജീവനുപോലും ഭീഷണിയാകും. ചൂട്ടാട് ബീച്ച്, ചാൽ ബീച്ച് എന്നിവടങ്ങളിൽ രണ്ടു ലൈഫ്ഗാർഡുമാരാണുള്ളത്.