പറവൂർ: 1.810 കിലോഗ്രാം എം.ഡി.എം.എ.യുമായി പറവൂരിനടുത്ത് തത്തപ്പിള്ളിയിൽ മൂന്നുപേർ പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. കാറിന്റെ ടയറുകൾക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയ രാസലഹരിക്ക് വിപണിയിൽ ഒന്നരക്കോടിയിലേറെ വിലവരും. തത്തപ്പിള്ളിയിൽ വാടകയ്ക്കെടുത്ത വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനത്തിൽനിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അന്തസ്സംസ്ഥാന മയക്കുമരുന്നുകടത്തിലെ പ്രധാന കണ്ണികളാണിവർ.

ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിൻ വിശ്വം (25), കരുമാല്ലൂർ തട്ടാംപടി കണ്ണൻകുളത്തിൽ നിഥിൻ കെ. വേണു (തംബുരു-28), പെരുവാരം ശരണംവീട്ടിൽ അമിത്കുമാർ (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഡൽഹിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. കൂടിയ അളവിൽ രാസലഹരി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വില്പന നടത്തുന്നതാണ് രീതി.

50, 20 ഗ്രാം പായ്ക്കറ്റുകളാക്കുന്നത് തത്തപ്പിള്ളിയിലെ വാടകവീട്ടിൽ വച്ചാണ്. സംഘം വിമാനമാർഗമാണ് ഡൽഹിക്ക് പോകുന്നത്. അവിടെ വെച്ച് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി അതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കും. അതിന് ശേഷം കാറും വിൽക്കും. സിനിമാനിർമ്മാണത്തിന്റെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത്.

സംശയം തോന്നാതിരിക്കാൻ സിനിമയിലേക്കെന്ന പേരിൽ ഓഡിഷനും നടത്തിയിരുന്നു. പാലക്കാട് 12 കിലോഗ്രാം കഞ്ചാവ് പിടിച്ചകേസിൽ പ്രതിയാണ് നിഥിൻ കെ. വേണു. കൊലപാതകശ്രമം, ആത്മഹത്യാപ്രേരണ കേസുകളിൽ പ്രതിയാണ് നിഥിൻ വിശ്വം.