ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 111 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. ചൈനയിലെ ഗൻസു, ക്വിൻഗായി പ്രവിശ്യകളിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനശ്ടം ഉണ്ടായി. ഗാൻസു പ്രവിശ്യയിൽ 86 പേരാണ് മരിച്ചത്. ബാക്കിയുള്ള മരണം ക്വിൻഗായി പ്രവിശ്യയിലാണ് രേഖപ്പെടുത്തിയത്.

പ്രവിശ്യാ കേന്ദ്രമായ ഗൻസുവിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ ഉത്ഭവ സ്ഥാനം. ഒന്നിന് പിന്നാലെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്. പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്.

ഭൂകമ്പം ഉണ്ടായതോടെ ആളുകൾ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദ്ദേശം നൽകി.