പാലക്കാട്: പട്ടാമ്പി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം പട്ടാമ്പി പാലത്തില്‍ കൈവരി വയ്ക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പട്ടാമ്പി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. പ്രകടനമായി വന്ന പ്രവര്‍ത്തകരെ മേലെ പട്ടാമ്പിയില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

പട്ടാമ്പി പാലത്തില്‍ കൈവരി വയ്ക്കാന്‍ നീക്കം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ലത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിലും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു.