തൃശ്ശൂര്‍: തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേര്‍ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഷിബുവിനെ ചാലക്കുടിയില്‍ നിന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനിയും രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ വിനോദിനെ പിടികൂടിയിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ ഇവര്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീല്‍സ് എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടരുകയാണ്.