തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം യുഎഇ ആസ്ഥാനമായ മള്‍ട്ടി നാഷണല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ജില്ലാ അധികാരികളുമായി ഏരീസ് ഗ്രൂപ്പ് എച്ച് ആര്‍ ഹെഡ് ക്യാപ്റ്റന്‍ രാഗേഷ് ലാല്‍ ( റിട്ടയേഡ് ) നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. വയനാട് ജില്ലാ കളക്ടര്‍ ഡി. ആര്‍ . മേഘശ്രീ. ഐ. എ. എസ്, വയനാട് സബ് കളക്ടര്‍ ശ്രീ. മിശാല്‍ സാഗര്‍ ഭരത് ഐ എ എസ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഫോര്‍ വയനാട് ഡിസാസ്റ്റര്‍ റിലീഫ് ശ്രീ അജീഷ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സ്ഥാപനം എന്ന നിലയില്‍, ഇത്തരത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളുടെ കാര്യക്ഷമമായ തുടര്‍ വിദ്യാഭ്യാസത്തിന് യാതൊരു തടസ്സവും ഉണ്ടാവരുതെന്നും അവര്‍ക്ക് ഒരു മികച്ച ഭാവി ലഭ്യമാകണമെന്നുമുള്ളതാണ് സ്ഥാപനത്തിന്റെ താല്പര്യമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സര്‍ സോഹന്‍ റോയ് അറിയിച്ചു.

'ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍ എന്നിവ മുതല്‍ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ പഠനച്ചെലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പുതിയ ചലച്ചിത്രമായ 'കര്‍ണിക'യില്‍ നിന്ന് ലഭിക്കുന്ന ലാഭവും പൂര്‍ണ്ണമായി ഇതിനുവേണ്ടി വിനിയോഗിക്കും. കളക്ടറേറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് സഹായ പദ്ധതികള്‍ കൈമാറുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കും', അദ്ദേഹം പറഞ്ഞു.

നേപ്പാള്‍ ഭൂകമ്പം, 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ ദുരന്ത സമയങ്ങളില്‍ എല്ലാം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഏരീസ് നടപ്പിലാക്കിയത്. സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 29 ഓളം രാജ്യങ്ങളില്‍ 66ലേറെ കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ യുഎഇ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട് . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും സ്ഥാപനം വളരെ മുന്നിലാണ്.