കോഴിക്കോട്: മലയാള സിനിമ മേഖലയില്‍ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. മറ്റ് ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തില്‍ നമ്മളെ ഉറ്റുനോക്കുകയാണ്. വനിത കമീഷന്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍, 'തൊഴിലിടത്തിലെ സ്ത്രീ' കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.

ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ ഹൈക്കോടതി വനിത കമീഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയില്‍ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് സതീദേവി പറഞ്ഞു.

28 വര്‍ഷമായി വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചുവരികയാണ് സംസ്ഥാന വനിത കമീഷന്‍. 28 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാല്‍ ഈ മാറ്റം മനസിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്‌പ്പെടുത്തുന്നുണ്ടോ എന്ന ചര്‍ച്ചകള്‍ ഉയരുന്നു.

പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോള്‍, അതിന് പിന്നില്‍ പ്രമുഖര്‍ ഉണ്ടെന്ന് വാര്‍ത്ത വന്നപ്പോള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികള്‍ നിര്‍ഭയം മുന്നോട്ടുവന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിന്‍മേലാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്, സതീദേവി ചൂണ്ടിക്കാട്ടി.

സിനിമ മേഖലയില്‍ ഇന്റെണല്‍ കമ്മിറ്റി (ഐ.സി) രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് സാംസ്‌കാരിക വകുപ്പാണ്. പക്ഷേ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് ഐ.സി നടപ്പാക്കാന്‍ പറ്റില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് തുടര്‍യോഗങ്ങള്‍ക്ക് ശേഷം സിനിമ മേഖലയില്‍ ഐ.സി നടപ്പാക്കി. സിനിമയുടെ പൂജാവേളയില്‍ തന്നെ ഐ.സി രൂപീകരിച്ചിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പറ്റില്ല എന്നായിരുന്നു കമീഷന്‍ മുന്നോട്ടുവച്ച നിലപാടെന്ന് വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു.

ഐസി രൂപീകരിക്കാതെ ഷൂട്ടിംഗ് തുടങ്ങി എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമീഷന്‍ ലൊക്കേഷനില്‍ പോയി സത്യാവസ്ഥ മനസിലാക്കി ഇന്റെണല്‍ കമ്മിറ്റി ഉണ്ടാക്കിയ സംഭവമുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നിഷേധിക്കപ്പെടുമ്പോള്‍ തുല്യത എന്ന അവകാശത്തെയാണ് നാം നിഷേധിക്കുന്നതെന്നും ഇത് ലജ്ജാകരമായ സ്ഥിതിയാണെന്നും മുഖ്യാതിഥിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ചൂണ്ടികാട്ടി. ഒരുപാട് കാര്യങ്ങളില്‍ കേരളം പുരോഗമിച്ച സമൂഹമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആ തരത്തിലുള്ളതാണ്.

സ്ത്രീകള്‍ക്കെതിരായ 10 അതിക്രമങ്ങള്‍ നടക്കുമ്പോള്‍ രണ്ടെണ്ണം മാത്രമേ പരാതി ആകുന്നുള്ളൂ എന്ന് കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് ഭര്‍ത്താവ് ഭാര്യയെ അതിക്രമത്തിന് വിധേയമാക്കുന്ന സംഭവങ്ങളാണ്. സെമിനാറില്‍ കമ്മിഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു.

അസി.ഗവ. പ്ലീഡര്‍ കെ.കെ പ്രീത വിഷയം അവതരിപ്പിച്ചു. ദീദി ദാമോദരന്‍ (വിമന്‍ ഇന്‍ സിനിമ കലക്ടീവ്), കെ. അജിത (അന്വേഷി), ടി.കെ. ആനന്ദി (ജന്‍ഡര്‍ അഡൈ്വസര്‍), വിജി (പെണ്‍കൂട്ട്), വി.പി. സുഹറ, അഡ്വ. പി.എം. ആതിര എന്നിവര്‍ സംസാരിച്ചു.