തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി നടന്‍ ഇടവേള ബാബു ഒഴിഞ്ഞു. ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് കേസെടുത്ത പശ്ചാത്തലത്തിലാണു പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.

ഒരാഴ്ചയായി തന്റെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ 'ശുചിത്വ അംബാസിഡര്‍' എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഔദ്യോഗിക സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്നാണ് ഇടവേള ബാബു നഗരസഭയോട് ആവശ്യപ്പെട്ടത്.

തന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു.