അടിമാലി: മുതിരപ്പുഴയാറില്‍ പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലത്തു കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നെങ്കിലും മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നലെ രാവിലെ 8.15 ഓടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അര അടിയോളം ഉയര്‍ത്തിയതാണു മുതിരപ്പുഴയാറില്‍ വെള്ളം ഉയരാന്‍ കാരണമായത്.

പൊളിഞ്ഞപാലത്ത് ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന സഞ്ചാരികള്‍ ഈസമയം കുളിക്കുന്നതിനു പുഴയില്‍ ഇറങ്ങിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി പുഴയില്‍ വെള്ളം ഉയര്‍ന്നത്. ഇതോടെ ഇരുവരും ഏറെ പണിപ്പെട്ട് പുഴയിലെ പാറയില്‍ കയറി.

ഇവരുടെ ബഹളം കേട്ടെത്തിയ ഹോം സ്റ്റേ ഉടമയാണ് കല്ലാര്‍കുട്ടി ഡാം സെക്യൂരിറ്റി ഓഫിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ ഷട്ടര്‍ അടച്ചു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ നാട്ടുകാര്‍ ഗോവണിയും വടവും ഉപയോഗിച്ച് സഞ്ചാരികളെ രക്ഷപ്പെടുത്തുകയായിരുന്നു.

2 ദിവസമായി ഇരുവരും കുടുംബസമേതമാണ് ഹോം സ്റ്റേയില്‍ താമസിച്ചിരുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നതിനു മുന്‍പ് 3 തവണ അലാം മുഴക്കിയിരുന്നതായി സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. ഇതറിയാതെ വെള്ളത്തില്‍ ഇറങ്ങിയതാണ് ഇരുവരും പൊല്ലാപ്പു പിടിക്കാന്‍ ഇടയായത്