കടയുടമയെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വച്ചത് മറ്റൊരാള്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; ജയിലിലാകാതെ രക്ഷപ്പെട്ട് സ്ഥാപന ഉടമമാനന്തവാടി: വ്യാപാര സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. കടയുടമയെ കുടുക്കാന്‍ മറ്റൊരാള്‍ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 2.095 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കടയുടമ പി.എ. നൗഫലിനെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും തന്നെ കുടുക്കാന്‍ മറ്റാരോ ചെയ്തതാണെന്നും നൗഫല്‍ എക്‌സൈസിനോട് പറഞ്ഞു. സിസിടിവി പരിശോധിച്ചപ്പോള്‍ നൗഫല്‍ കടയില്‍ ഇല്ലാത്ത സമയത്ത് മറ്റാരാള്‍ കഞ്ചാവ് കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ നൗഫലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഞ്ചാവ് കൊണ്ടുവച്ച പ്രതിയെക്കുറിച്ച് വിവരം ലഭിച്ചുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.