- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികള്‍ക്ക് പോലും സ്‌നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവ്; യെച്ചൂരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പിണറായി വിജയന്‍
എതിരാളികള്‍ക്ക് പോലും സ്‌നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവ്
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം സ്‌നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു വിടപറഞ്ഞ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതല്‍ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും നല്ല ബന്ധം പുലര്‍ത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും പിണറായി വിജയന്‍ പറഞ്ഞു. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം സ്‌നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അനുസ്മരിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന സീതാറാം യെച്ചൂരിയുടെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് വിട പറഞ്ഞത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. ഇന്ന് മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. 14ന് ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനം നടക്കും അതിന് ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടുനല്‍കുക.