ആലപ്പുഴ: കര്‍ണ്ണാടകയില്‍ നിന്നും ഓണക്കാലത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ ഓണസമ്മാനം. കര്‍ണ്ണാടക ആര്‍ടിസിസി ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്തും.

തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് സഹയാകരമാണ് കര്‍ണ്ണാടക ആര്‍ടിസിസിയുടെ നടപടി.

കര്‍ണ്ണാടകയില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ രണ്ടു സെപ്ഷ്യല്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ ആശ്വാസമാകും.എറണാകുളം , ചേര്‍ത്തല , ആലപ്പുഴ ഭാഗത്തേക്ക് നാളെ ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

സെപ്റ്റംബര്‍ 13ന് വൈകുന്നേരം 4.15നും രാത്രി 7.15നും ബാംഗ്ലൂര്‍ ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്നാണ് ബസ് പുറപ്പെടുക. വൈകുന്നേരം 4.15ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രാത്രി 7.45ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 7.30ന് ആലപ്പുഴയിലും എത്തിച്ചേരും.2583 രൂപയാണ് ടിക്കറ്റ് നിരക്ക്. m.kstrtc.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

കര്‍ണ്ണാടക ആര്‍ടിസിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് രണ്ടും റൂട്ടിലും സര്‍വീസ് നടത്തുക.ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണക്കാലത്തുള്ള യാത്രാദുരിതം മലയാളികള്‍ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. ഓണക്കാലത്ത് നാട്ടിലേക്ക് എത്തുന്ന മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയോട് സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്താന്‍ കെ.സി.വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കിയത്. വ്യാഴം,വെള്ളി ദിവസങ്ങളിലായി 60 ഓളം സെപ്ഷ്യല്‍ ബസ് സര്‍വീസുകളാണ് കേരളത്തിലേക്ക് കര്‍ണ്ണാടക ആര്‍ടിസിസി നടത്തുക.തിരികെ കര്‍ണ്ണാടകയിലേക്കുള്ള ബസ് സര്‍വീസുകളുടെ ഷെഡ്യൂളുകള്‍ പിന്നേട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.