തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥി അച്ചടക്ക സ്ഥിരംസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് നടത്തിയതില്‍ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവര്‍ ഹാളില്‍ പ്രവേശിച്ചെങ്കില്‍ ആരാണ് അതിന് ഉത്തരവാദി എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, തിരഞ്ഞെടുപ്പ് അലങ്കോലമാകാനുള്ള കാരണം, സ്ഥാനാര്‍ഥികളോ അവര്‍ ഔദ്യോ?ഗികമായി ചുമതലപ്പെടുത്തിയവരോ സംഘര്‍ഷത്തിന് കാരണക്കാരായിട്ടുണ്ടോ എന്നും പരിശോധിക്കും.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് വി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുവരെ, തിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും പ്രഖ്യാപിക്കാന്‍ പാടില്ലെന്നും വി.സി.യുടെ ഉത്തരവില്‍ പറയുന്നു.

ബുധനാഴ്ചയായിരുന്നു എസ്.എഫ്.ഐ.-.കെ.എസ്.യു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കാണാതായ ബാലറ്റ് പേപ്പറുകളില്‍ തിരിമറിക്ക് സാധ്യതയുള്ളതിനെ തുടര്‍ന്നായിരുന്നു നടപടി. രണ്ടര മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ സെനറ്റ് ഹാളിന് കാര്യമായ കേടുപാടുണ്ടായി. സംഘര്‍ഷത്തിനിടെ രേഖകള്‍ കാണാതായെന്നും സംശയമുണ്ട്.