ബ്ലഡ് ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശംതിരുവനന്തപുരം: കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം.

കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലെ കരാര്‍ ജീവനക്കാരുടെ 2021 ഏപ്രില്‍ ഒന്ന് മുതലുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കി 12 ജൂണ്‍ 2024 നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ് ഫ്യൂഷന്‍ കൗണ്‍സില്‍ ഉത്തരവ് നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.

വര്‍ഷങ്ങളായിട്ടുള്ള ജീവനക്കാരുടെ ആവശ്യമായിരുന്നു ശമ്പള പരിഷ്‌കരണമെന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്‌നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍. വി നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. പത്തുദിവസത്തിനകം ശമ്പളപരിഷ്‌കരണം നടപ്പിലാക്കി നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിനെ അറിയിക്കണമെന്നും ജോയിന്റ് ഡയറക്ടര്‍ പുറപ്പെടുപ്പിച്ച ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.