തിരുവനന്തപുരം: സിഎസ്‌ഐ ആസ്ഥാനം തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍. സര്‍ക്കാരും സി പി എമ്മും നാടാര്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊണ്ണിയൂര്‍ സനല്‍ കുമാര്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ആസ്ഥാനം നാല് മാസമായി അടഞ്ഞു കിടക്കുന്നത്.

കേരളത്തിലെ സിഎസ്‌ഐ സഭയുടെ 6 മഹായിടവകകളില്‍ നാടാര്‍ സമുദായാംഗങ്ങള്‍ നേതൃത്വം വഹിക്കുന്ന ഏക മഹായിടവകയാണ് ദക്ഷിണ കേരള മഹായിടവക. 95% നാടാര്‍ സമുദായ അംഗങ്ങള്‍ ഉള്‍കൊള്ളുന്ന സഭയുടെ ആസ്ഥാനം നിലവില്‍ പൂട്ടിയിട്ടിരിക്കുന്നത്.

സര്‍ക്കാരോ സി പി എം നേതൃത്വമോ ഈ വിഷയത്തില്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കാത്തത് ദുരൂഹമാണ്. തമ്മില്‍ തല്ലിക്കാനുള്ള തന്ത്രം സമുദായാംഗങ്ങള്‍ തിരിച്ചറിയണം. നാടാര്‍ സമുദായവും മറ്റ് ചില സമുദായങ്ങളും ഈ സഭയില്‍ അംഗങ്ങള്‍ ആണ്.ഭൂരിഭാഗം നാടാര്‍ സമുദായം ഉള്‍കൊള്ളുന്ന സഭയെ അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ സംശയിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഒരു ജാതി / മത വിഭാഗങ്ങളുടെ ആസ്ഥാനവും അടച്ചിടാന്‍ ഭരണകൂടമോ സര്‍ക്കാരോ തയ്യാറാകില്ല.

പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കി പ്രവര്‍ത്തിപ്പിക്കാം എന്നിരിക്കെ നാടാര്‍ സമുദായത്തെ അവഹേളിക്കാന്‍ സര്‍ക്കാരും പാര്‍ട്ടി സംവിധാനങ്ങളും ശ്രമിക്കുന്നു. ഭരണ കക്ഷി പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ നാടാര്‍ സമുദായത്തിനെതിരെ കാലങ്ങളായി കരുക്കള്‍ നീക്കുകയാണ്. അതിന്റെ ഭാഗമായാണ് തെക്കന്‍ കേരളത്തിലെ പ്രമുഖ സഭാ വിഭാഗമായ സി.എസ്.ഐക്ക് നേരെയും ഉണ്ടായിരിക്കുന്നത്.

സഭയുടെ ചുമതലയുള്ള ബിഷപ്പ് മഹായിടവക ആസ്ഥാനത്ത് പ്രവേശിക്കാതെ ഭരണ നിര്‍വഹണം നടത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാതെ ഭരണ നിര്‍വ്വഹണം നടത്തണമെന്ന് പറയുന്നത് പോലെയാണ്. സി.പി.എം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. തിരുവനന്തപുരം ജില്ലയിലെ പ്രബല സമുദായത്തെ തമ്മില്‍ തല്ലിച്ചാണ് സി.പി.എം മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി കൊണ്ണിയൂര്‍ സനല്‍ കുമാര്‍ നാടാര്‍ പറഞ്ഞു.