തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.മുതലപ്പൊഴിയില്‍ 2011 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേര്‍ മരിച്ചതായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു.

അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകള്‍ നീക്കം ചെയ്ത് ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ അദാനി പോര്‍ട്ടിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്ക് ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദര്‍ഘാസ് നടപടി പൂര്‍ത്തിയായതായി റിപ്പോര്‍ട്ടിലുണ്ട്.

സുരക്ഷക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആമ്പുലന്‍സ് അനുവദിച്ചിട്ടുണ്ട്. മുതലപ്പൊഴി അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കവടിയാര്‍ ഹരികുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.