കോഴിക്കോട്: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലില്‍ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയിരുന്നു. അര്‍ജുനായി ഇത്രയും നാള്‍ തെരച്ചിലിനായി കൂടെനിന്ന ലോറിയുടമ മനാഫിനെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു കുറിപ്പ് പങ്കുവച്ചത്. 'സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം 'മനാഫ്'' എന്ന ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. അര്‍ജുന്റെ അച്ഛനും അമ്മയ്ക്കും നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികള്‍ നേരിട്ടു. അര്‍ജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നു.

തിരച്ചില്‍ തുടരാന്‍ മുട്ടാത്ത വാതിലുകളില്ല. ഒരാള്‍ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാല്‍ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു. അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു. തോല്‍ക്കാന്‍ എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞു. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്.

അതേസമയം, അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയില്ലാതെ വിട്ട് നല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണ കൂടം തീരുമാനിച്ചു. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്.72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്.