- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ കുടുംബസ്വത്തല്ല എം.എല്‍.എ സ്ഥാനം; സാമാന്യ മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് ടി.കെ ഹംസ
അന്‍വര്‍ കാണിച്ചത് നന്ദിക്കേടും വിവരക്കേടുമാണെന്ന് ടി.കെ ഹംസ
മലപ്പുറം: പി.വി. അന്‍വറിന്റെ കുടുംബസ്വത്തല്ല എം.എല്‍.എ സ്ഥാനമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ ഹംസ. സാമാന്യ മര്യാദയുണ്ടെങ്കില്‍ അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്‍വറിനെ കൊണ്ട് പാര്‍ട്ടിക്ക് ഒരു നേട്ടം കിട്ടിയിട്ടില്ല, എന്നാല്‍, അന്‍വറിന് നേട്ടമുണ്ടായി. അന്‍വര്‍ കാണിച്ചത് നന്ദിക്കേടും വിവരക്കേടുമാണ്. അന്‍വറിനെ കാണുമ്പോള്‍ വിറച്ചു തീരുന്ന പാര്‍ട്ടിയോ മുഖ്യമന്ത്രിയോ അല്ല ഇത്. ഭരണപക്ഷത്തെ 98 എം.എല്‍.എമാര്‍ക്ക് പരാതിയില്ല. റിയല്‍ എസ്റ്റേറ്റ് കള്ളക്കച്ചവടത്തിന് പി. ശശി കൂട്ടുനില്‍ക്കാത്തതാണ് അന്‍വറിന്റെ പ്രശ്‌നമെന്നും ടി.കെ ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അന്‍വറിനെതിരെ സഖാക്കളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ല. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാണ് അന്‍വര്‍. സാധാരണക്കാരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടല്ല അന്‍വര്‍ സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ സംഘടനരീതിയും നയവും അറിയില്ല. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അന്‍വര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമല്ല, പാര്‍ലമെന്ററി അംഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നല്‍കിയത്. പരസ്യ നിലപാട് ആവര്‍ത്തിക്കരുതെന്ന് പല തവണ ഓര്‍മപ്പെടത്തിയിട്ടും അന്‍വര്‍ അച്ചടക്കം ലംഘിച്ചു. അന്‍വറിന്റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേള്‍ക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
പാര്‍ട്ടി അംഗമല്ലാതിരിന്നിട്ടും എല്ലാ പരിഗണനയും പാര്‍ട്ടി അന്‍വറിന് നല്‍കി. അന്വേഷണങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ആ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും അറിയിച്ചു. എന്നാല്‍, പാര്‍ട്ടി നല്‍കിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തുകയാണ് അന്‍വര്‍ ചെയ്തത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നുവരെ അന്‍വര്‍ പറഞ്ഞെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.