- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞിട്ടും കിട്ടിയില്ല; സഹകരണ ബാങ്ക് സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ വിധി
സഹകരണ ബാങ്ക് സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
പത്തനംതിട്ട: റാന്നി പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും മന്ദമരുതി ബ്രാഞ്ച് മാനേജരും ചേര്‍ന്ന് 41,95, 598 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ വിധി. പഴവങ്ങാടിക്കര ബാങ്ക് സെക്രട്ടറി, മന്ദമരുതി ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ക്കെതിരെ റാന്നി ചേത്തയ്ക്കല്‍ സ്വദേശി പിച്ചനാട്ടുവീട്ടില്‍ പി.ആര്‍. അശോക് കുമാറും ഭാര്യ ഗീതാകുമാരിയും ചേര്‍ന്ന് കമ്മിഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.
അശോക് കുമാറിനും ഗീതാകുമാരിക്കും ഗീതയുടെ സഹോദരന്‍ സുജിത് കുമാറിനും പഴവങ്ങാടിക്കര ബാങ്കില്‍ ഡെപ്പോസിറ്റുകളും ചിട്ടികളും മറ്റും ഉണ്ടായിരുന്നു. ചിട്ടിയുടേയും റെക്കറിങ് ഡെപ്പോസിന്റെയും കാലാവധി കഴിഞ്ഞപ്പോള്‍ ഈ മൂന്നു പേരും കിട്ടിയ തുക മുഴുവന്‍ ഈ സ്ഥാപനത്തില്‍ തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരുന്നു. 8.75% പലിശ വാഗ്ദാനം ചെയ്തതു കൊണ്ടാണ് 40,70,598 രൂപാ പല അക്കൗണ്ടിലായി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തത്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ ഹൗസിങ് ലോണ്‍ അടക്കുന്നതിനും മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഡെപ്പോസിറ്റ് തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോള്‍ രണ്ടു ദിവസത്തിനകം രൂപ നല്‍കാമെന്നാണ് ആദ്യം പറഞ്ഞത്.
എന്നാല്‍ എട്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാങ്കിലെ അംഗങ്ങള്‍ എടുത്തിട്ടുള്ള ലോണുകള്‍ തിരിച്ചടക്കാതെ നിങ്ങളുടെ രൂപ നല്‍കാന്‍ കഴിയില്ലായെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് ഇവര്‍ കമ്മിഷനില്‍ ഈ വിവരം കാട്ടി ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച രൂപ തിരിച്ചു കിട്ടുന്നതിനും നഷ്ടപരിഹാരം കിട്ടുന്നതിനും വേണ്ടി പരാതി നല്‍കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച കമ്മിഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ബാങ്കിനെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഹാജരാകുകയും ചെയ്തു.
വാദിയെ വിസ്തരിക്കുകയല്ലാതെ മറ്റു തെളിവുകള്‍ ഒന്നും തന്നെ ബാങ്കിന്റെ ഭാഗത്തു നിന്നും നല്‍കിയില്ല. ഹര്‍ജികക്ഷികള്‍ നല്‍കിയ തെളിവുകളുടേയും റിക്കാര്‍ഡുകളുടെയും അടി സ്ഥാനത്തില്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയും സത്യവുമാണെന്ന് കമ്മീഷനു ബോദ്ധ്യപ്പെടുകയും ഹര്‍ജിക്കാര്‍ നിക്ഷേപിച്ച തുകയും 1 ലക്ഷം നഷ്ടപരിഹാരവും, 15,000 രൂപാ കോടതി ചിലവും ഉള്‍പ്പടെ 41,95,598 രൂപാ കേസ്സ് കമ്മിഷനില്‍ ഫയല്‍ ചെയ്തു അന്നു മുതല്‍ 9% പലിശയും ചേര്‍ത്ത് 45 ദിവസത്തിനകം ഇവര്‍ക്ക് നല്‍കാന്‍ കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്