ഹൈദരാബാദ്: തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക മല്ലുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ബിഹാറില്‍ നിന്നുള്ള റോഷന്‍ കുമാര്‍ മണ്ഡല്‍, ഉദയ് കുമാര്‍ താക്കൂര്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ഖരക്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസ് പിടികൂടിയത്.

റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. യാത്രക്കാരെന്ന് തോന്നിച്ച പ്രതികളുടെ ഭാഗത്തുനിന്ന് അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് റെയില്‍വേ പോലീസ് പരിശോധിച്ചത്. തുടര്‍ന്ന് ഇവരില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിര്‍ഹം, സ്വിസ് ഫ്രാങ്ക് എന്നിവ അടക്കമുള്ള വിദേശ കറന്‍സികള്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. വിക്രമാര്‍ക ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശത്ത് പോയ സമയത്തായിരുന്നു വീട്ടില്‍ മോഷണം നടന്നത്.

പ്രതികള്‍ വേറെ പലയിടങ്ങളിലും മോഷണം നടത്തിയിരുന്നതായി റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ദേബശ്രീ സന്യാലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങള്‍, മുത്തുകള്‍ കൊണ്ടുള്ള ജുവലറികളടക്കം ഇവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.