പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് അധികൃതര്‍ വെടിവച്ചു കൊന്നു. കാക്കത്തോട് സ്വദേശിയും സ്‌കൂള്‍ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് പന്നികളുണ്ടായിരുന്നു. ഇവയെ വെടിവച്ച് കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാല്‍ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.

പന്നികളുടെ കഴുത്തില്‍ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്. ജനവാസ മേഖലയിലെ കിണറ്റില്‍ കാട്ടുപന്നികള്‍ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് അധികൃതര്‍ എത്താന്‍ വൈകിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പ്രദേശത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണ്.

ശബ്ദം കേട്ട് വന്നുനോക്കിയ വീട്ടുകാരാണ് കാട്ടുപന്നികള്‍ കിണറ്റില്‍ വീണത് അറിഞ്ഞത്.അഞ്ച് കാട്ടുപന്നികളാണ് കിണറ്റില്‍ വീണത്. തുടര്‍ന്ന് കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പും സ്ഥലത്തെത്തി.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ പഞ്ചായത്തിനുള്ള അനുമതി ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാന്‍ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ഇതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കി. തുടര്‍ന്ന് കിണറ്റില്‍ ഒരാള്‍ ഇറങ്ങി ഓരോ കാട്ടുപന്നികളെയും കയറില്‍ കുരുക്കിയശേഷം വെടിവെക്കുകയായിരുന്നു. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു. ആദ്യം ഒരു പന്നിയെയും പിന്നീട് മറ്റുള്ളവയെയും ഓരോന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു.പാലക്കാട് എലപ്പുള്ളിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറ്റില്‍ വീണു; വനം വകുപ്പ് അധികൃതരെത്തി കഴുത്തില്‍ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു