- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവള്‍ ആകാശത്തോളം സ്വപ്നം കാണട്ടെ; മകളുടെ സ്വപ്നം നമ്മുടേതും കൂടിയാകട്ടെ; അവരുടെ ആകാശം നമ്മുടേതും കൂടിയാകട്ടെ'; ലോക ബാലികാദിനത്തില്‍ ആശംസകളുമായി രമേശ് ചെന്നിത്തല
ലോക ബാലികാദിനത്തില്‍ ആശംസകളുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക ബാലികാദിനത്തില്‍ ആശംസകളുമായി എംഎല്‍എയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. അവര്‍ നമ്മുടെ പെണ്‍മക്കളാണ്. അവരെ തളച്ചിടാതിരിക്കുക. അവള്‍ ആകാശത്തോളം സ്വപ്നം കാണട്ടെ. അവള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുക. ചിന്തിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കുക. പറന്നുയരാനുള്ള വഴി കാട്ടിക്കൊടുക്കുക. അവര്‍ക്കൊപ്പം നമുക്കും സ്വപ്നം കാണാം. മകളുടെ സ്വപ്നം നമ്മുടേതും കൂടിയാകട്ടെ. അവരുടെ ആകാശം നമ്മുടേതും കൂടിയാകട്ടെ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് ലോക ബാലികാദിനം
നമ്മുടെ പെണ്‍മക്കള്‍ നാലു ചുവരുകള്‍ക്കുള്ളിലെ തളച്ചിടല്‍ എന്ന ക്ളീഷേയില്‍ നിന്നു കുറച്ചെങ്കിലും വിമോചിതരായി ഇന്ന് ആകാശം സ്വപ്നം കാണുന്നുണ്ട്. പക്ഷേ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ എല്ലാ പ്രതിസന്ധികളും അവര്‍ക്കു ചുറ്റും കവചം തീര്‍ക്കുന്നുണ്ടെന്നു പറയാതെ വയ്യ. അത് അവര്‍ കാണുന്ന സ്വപ്നങ്ങളിലേക്കു ചിറകു വിരിക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ട്.
അരുതുകളുടെ ഒരു ലോകത്തേക്കാണ് നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ ഇന്നും പിറന്നു വീഴുന്നത്. പിറക്കുന്നതിനു മുമ്പേ തന്നെ തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. പെണ്‍ഭ്രൂണഹത്യ മുതല്‍ ഇങ്ങോട്ട് അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിജീവനം ഒരു വലിയ വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തില്‍, പോഷകാഹാരത്തില്‍, വിവാഹത്തില്‍ തുടങ്ങി എല്ലാറ്റിലും അവള്‍ ഉല്‍പന്നവല്‍ക്കരിക്കപ്പെടുന്നു.
എനിക്കു രണ്ടു പെണ്‍മക്കളാണ് എന്ന് സങ്കടത്തിലും രണ്ടാണ്‍മക്കളാണ് എന്ന് സന്തോഷത്തിലും പറയുന്ന മാതാപിതാക്കളില്‍ നിന്നു തന്നെയാണ് അപചയം തുടങ്ങുന്നത്. വീട്ടില്‍ ഉറക്കെ ചിരിക്കുന്നതു മുതല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതു വരെയുള്ള എല്ലാ മേഖലകളിലും വട്ടം ചുറ്റുന്ന അരുതുകളുടെ ലോകവും നാട്ടുകാരെന്തു പറയും എന്ന ഉത്കണ്ഠയും അവരുടെ സ്വപ്നങ്ങളെ വരിഞ്ഞു മുറുക്കുന്നു. കെട്ടിച്ചയച്ചു ജോലി തീര്‍ക്കണം എന്നു ചിന്തിക്കുന്ന മാതാപിതാക്കളും കല്യാണമായില്ലേ എന്നു സദാസമയവും ചോദിക്കുന്ന സമൂഹവും അവള്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ദം ഏറെയാണ്.
ഓരോ പെണ്‍കുട്ടിയും ഒരു അതിജീവതയാണ്. വീടിന്റെ, ചുറ്റുപാടുകളുടെ, മുറിഞ്ഞുപോയ സ്വപ്നങ്ങളുടെ, അകാലത്തിലെ വിവാഹത്തിന്റെ, കുട്ടികളെ വളര്‍ത്തുന്നതിന്റെ, ജോലി ചെയ്യുമ്പോഴും അടുക്കളയെക്കുറിച്ചു ചിന്തിക്കുന്നതിന്റെ ഒക്കെ കെട്ടുപാടുകളില്‍ തളച്ചിടപ്പെടുമ്പോഴും സ്വാഭാവികമായ സഹനം കൊണ്ടു മാത്രം അതിജീവിച്ചു പോകുന്നവള്‍.
അവര്‍ നമ്മുടെ പെണ്‍മക്കളാണ്. അവരെ തളച്ചിടാതിരിക്കുക. അവള്‍ ആകാശത്തോളം സ്വപ്നം കാണട്ടെ. അവള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുക. ചിന്തിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കുക. പറന്നുയരാനുള്ള വഴി കാട്ടിക്കൊടുക്കുക.
അവര്‍ക്കൊപ്പം നമുക്കും സ്വപ്നം കാണാം. മകളുടെ സ്വപ്നം നമ്മുടേതും കൂടിയാകട്ടെ. അവരുടെ ആകാശം നമ്മുടേതും കൂടിയാകട്ടെ!