തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നല്‍കിയത്. കൊടുവള്ളി മണ്ഡലത്തില്‍നിന്നു ദുബായിലേക്കു പോകുന്നയാളുകള്‍ക്കു സൗജന്യ താമസവും മറ്റും നല്‍കാന്‍ നടപ്പാക്കുന്ന 'അമാന എംബ്രേസ്' പദ്ധതിയുടെ ഭരണസമിതിയില്‍ സ്വര്‍ണക്കടത്ത് പ്രതികളുണ്ടെന്നാണു പരാതിയിലെ ആരോപണം.

ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാല്‍ അമാന, ഒ.കെ.അബ്ദുല്‍സലാം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരായി ഉപയോഗിക്കുന്നുവെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.