പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപ വാക്കുകളില്‍ മനംനൊന്ത് എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി.

നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നവീന്റെ ചിത എരിഞ്ഞു തുടങ്ങുമ്പോള്‍ മലയാലപ്പുഴ ജങ്ഷനില്‍ പി.പി. ദിവ്യയുടെ പ്രതീകാത്മക ചിത കത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍ അറിയിച്ചു. അതേ സമയം, നവീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിച്ചു. 99.95 ശതമാനം ജീവനക്കാരും ജില്ലയില്‍ ജോലിക്ക് ഹാജരായില്ല. പത്തനംതിട്ട കലക്ടറേറ്റില്‍ 141 ല്‍ ഏഴു ജീവനക്കാര്‍ മാത്രമാണ് ഡ്യൂട്ടിക്ക് ചെന്നത്.

പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന നവീന്റെ മൃതദേഹം നാളെ രാവിലെ 10.30 ന് കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം സി.എം ആശുപത്രിയില്‍ എത്തിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ പ്രമോദ് നാരായണന്‍, കെ.യു. ജനീഷ്‌കുമാര്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, റവന്യൂ വകുപ്പിലെയും സര്‍വീസ് സംഘടനകളിലെയും സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മൃതദേഹം നാളെ രാവിലെ 10.30 ന് ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്നിന് സംസ്‌കാരം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവര്‍ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.