തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ മുന്‍ കണ്‍വീനര്‍ ഡോ. പി സരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബീനാഥന്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ താന്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സരിന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ശബരീനാഥന്‍ രംഗത്തെത്തിയത്. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മനസ്സില്‍ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കില്‍ മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയമെന്ന ശബരീനാഥന്‍ വിമര്‍ശിച്ചു

ഫേസ്ബുക്കിലൂടെയാണ് ശബരീനാഥന്‍ മുന്‍ സഹപ്രവര്‍ത്തകനെ വിമര്‍ശിച്ചത്. 'സരിന്‍, താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കള്‍ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങള്‍ കണ്ടപ്പോള്‍ താങ്കളോട് സഹതാപം തോന്നി. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മനസ്സില്‍ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കില്‍ മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കള്‍ക്ക് അത് താമസിയാതെ ബോധ്യമാകും'- ശബീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ബൈ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മങ്കൂട്ടത്തിലിനെ നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ഡോ. പി സരിന്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് സരിന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസം ആണെന്നായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് സരിന്റെ പ്രതികരണം. ഷാഫി പറമ്പിലിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിയെന്ന് പി സരിന്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പിന്തുടര്‍ച്ചാവകാശം പോലെയാണ്. സ്ഥാനാര്‍ത്ഥി രാഹുല്‍ അല്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഷാഫി ഭീഷണി മുഴക്കിയിരുന്നു. ഷാഫിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങുകയായിരുന്നുവെന്ന് സരിന്‍ കൂട്ടിച്ചേര്‍ത്തു.