ചേലക്കര: ചേലക്കരയില്‍ മുന്നണികളുടെ പോരാട്ടത്തിന് കളമൊരുക്കി എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കിഷോര്‍ ടി പിക്ക് മുന്‍പാകെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും മൂന്നു സെറ്റ് പത്രികകള്‍ വീതം സമര്‍പ്പിച്ചത്. രാവിലെ 10.30 ഓടുകൂടി സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തിയാണ് യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്.

11 മണിയോടുകൂടി ബിജെപി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തി കെ ബാലകൃഷ്ണന്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പത്രിക സമര്‍പ്പിച്ചത്. ചേലക്കരയില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം സ്ഥാനാര്‍ത്ഥികള്‍ പങ്കുവെച്ചു.

അതേ സമയം ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് രംഗത്ത് വന്നു മത്സരിക്കാന്‍ ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന് പറയാന്‍ താന്‍ ആളല്ല. ജനാധിപത്യത്തില്‍ ആര്‍ക്കും മത്സരിക്കാമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച പി വി അന്‍വര്‍ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്‍ കെ സുധീറിനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം.