മേപ്പാടി: വയനാട് മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ കഴിയുന്ന ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. രണ്ട് കുട്ടികള്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സൊയാബീന്‍ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകള്‍ കുന്നംപറ്റയിലെ ഫ്‌ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. ഇന്നലെ രാവിലെ ഒരു കുട്ടിയെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്ന് നല്‍കി വിട്ടയച്ചെങ്കിലും കുറയാത്തതിനാല്‍ കഴിഞ്ഞ രാത്രിയില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. കിറ്റില്‍ നിന്ന് ലഭിച്ച സൊയാബീന്‍ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് മെംബര്‍ അജ്മല്‍ സാജിദ് പറഞ്ഞു.

ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും പരസ്പരം പഴിചാരുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. റവന്യൂവകുപ്പാണ് അരി വിതരണം ചെയ്തതെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു പറഞ്ഞത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴുവരിച്ച അരി വിതരണം ചെയ്തതെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും സമരം ശക്തമാക്കിയത്.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നല്‍കിയ സംഭവം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവര്‍ക്ക് ലഭിച്ചത്.

സംഭവത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘര്‍ഷവുമുണ്ടായി. പ്രവര്‍ത്തകര്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളില്‍ നിലത്തിട്ട് പ്രതിഷേധിച്ചു.