തിരുവനന്തപുരം: സര്‍ക്കാരിന്റെ സഹായധനം പ്രതീക്ഷിച്ച് ബസ് വാങ്ങാനിറങ്ങി തിരിച്ച കെ.എസ്.ആര്‍.ടി.സി. വെട്ടിലായി. 370 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ തുക അനുവദിക്കാത്തതിനാല്‍ നടപടി മരവിപ്പിച്ചു. പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 92 കോടി രൂപ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍ സാമ്പത്തികപ്രതിസന്ധി കാരണം 46 കോടിയാക്കി ഇതു വെട്ടിച്ചുരുക്കി. എന്നാല്‍ ഈ തുകയും സര്‍ക്കാര്‍ ഇനിയും അനുവദിച്ചിട്ടില്ല.

ഇതോടെ ടെന്‍ഡര്‍ നടപടി കെ.എസ്.ആര്‍.ടി.സി. മരവിപ്പിച്ചു. കൈവശമുള്ള 4500 ബസുകളില്‍ 90 ശതമാനവും പത്തുവര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ശബരിമല പ്രത്യേക സര്‍വീസിനായി 500 ബസുകള്‍ മാറ്റേണ്ടിവന്നതോടെ മറ്റുപാതകളില്‍നിന്നും ബസുകള്‍ പിന്‍വലിച്ചിരിക്കുകയാണ്.

സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവിതരണത്തിനുള്ള മാസസഹായധനമായ 50 കോടിയും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ എട്ടുവര്‍ഷത്തിനിടെ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. 2006-'16 കാലയളവില്‍ 5488 പുതിയ ബസുകള്‍ നിരത്തിലിറക്കിയപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 534 ബസുകള്‍ മാത്രമാണ് വാങ്ങിയത്.