കൊച്ചി: കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിനടുത്തുള്ള മഞ്ചാടിന്നിവിളയില്‍നിന്ന് അപൂര്‍വ ഇനം തുമ്പിയെ കണ്ടെത്തിയത്. 'അഗസ്ത്യമലൈ ബാംബൂടെയ്ല്‍' എന്നാണ് തുമ്പിക്ക് പേരിട്ടിരിക്കുന്നത്. പുണെയിലെ എം.ഐ.ടി., വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി, തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് തുമ്പിയെ കണ്ടെത്തിയത്.

പുണെയിലെ എം.ഐ.ടി. വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് കോപാര്‍ഡെ, അജുഷ് പൈറ, സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രന്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രന്‍, ഡോ. സുബിന്‍ കെ. എന്നിവരാണ് ഗവേഷകസംഘത്തിലുണ്ടായിരുന്നത്. കൂര്‍ഗ്-വയനാട് മേഖലയില്‍ കാണപ്പെടുന്ന ഈ ജനുസ്സിലെ അറിയപ്പെടുന്ന ഒരേയൊരു ഇനമായ മലബാര്‍ ബാംബൂടെയ്ലുമായി (മെലനോണിയുറ ബിലിനേറ്റ) പുതുതായി കണ്ടെത്തിയ ഇനത്തിന് അടുത്ത സാമ്യമുണ്ടെന്ന് ഗവേഷകസംഘം പറഞ്ഞു.

തുമ്പിക്ക് മുളംതണ്ടിനോട് സാമ്യമുള്ള നീണ്ട സിലിന്‍ഡര്‍ ആകൃതിയിലുള്ള ഉദരം ഉള്ളതിനാലാണ് ഈ പേരിട്ടതെന്ന് സംഘം അറിയിച്ചു. മലബാര്‍ ബാംബൂടെയ്ല്‍ മാത്രമുണ്ടായിരുന്ന മെലനോണിയുറ ജനുസ്സിലേക്ക് രണ്ടാമത്തെ ഇനമായാണ് അഗസ്ത്യമല ബാംബൂടെയ്ല്‍ എത്തിയിരിക്കുന്നത്.