ആലപ്പുഴ: മുസ്ലിം ലീഗില്‍ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നെന്നും പാര്‍ട്ടി നേതൃത്വം അറിഞ്ഞോ അറിയാതെയോ അതില്‍ വീഴുകയാണെന്നും മന്ത്രി സജി ചെറിയാന്‍.

ആര്‍എസ്എസിനു മുതലെടുപ്പിന് അവസരമാണ് ലീഗ് നല്‍കുന്നത്. ലീഗില്‍ തിരുത്തല്‍ പ്രക്രിയയുണ്ടാകണം. ജാതീയ ചേരിതിരിവുണ്ടാക്കാന്‍ തിരഞ്ഞെടുപ്പില്‍ ശ്രമം നടത്തുകയാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

''മനുഷ്യരെ വ്യത്യസ്ത ചേരികളിലാക്കി വോട്ട് നേടാനുള്ള ശ്രമമാണു നടത്തുന്നത്. മുഖ്യമന്ത്രി വിമര്‍ശിച്ചതു പാണക്കാട് തങ്ങളെയല്ല, ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെയാണ്. തങ്ങളെയോ തങ്ങളുടെ പദ്ധതിയെയോ മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയില്‍ പോകുന്നതിനെയാണു വിമര്‍ശിച്ചത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും തീവ്ര വലതുപക്ഷ നിലപാടുള്ളവരാണ്. അവരെ ലീഗ് അകറ്റി നിര്‍ത്തണം.'' മന്ത്രി പറഞ്ഞു.