കട്ടപ്പന: സെന്‍ട്രല്‍ ബാങ്ക് കട്ടപ്പന ശാഖയിലെ മുന്‍ സ്വര്‍ണവായ്പാ അപ്രൈസര്‍ കൊല്ലംപറമ്പില്‍ അനില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിച്ചത് 1.70 കോടി രൂപയെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2013-2023 കാലയളവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 23 ആളുകളുടെ പേരിലായി 101 സ്വര്‍ണപ്പണയ വായ്പകളാണ് എടുത്തതെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു തട്ടിപ്പു പുറത്തായത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ അനിലിനെ ബാങ്ക് ശാഖയിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഒന്നേമുക്കാല്‍ കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെങ്കിലും അനിലിനു കാര്യമായ നിക്ഷേപങ്ങളോ മറ്റു സ്വത്തുക്കളോ ഇല്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മണി ചെയിന്‍ തട്ടിപ്പില്‍പെട്ടു വലിയ തുക നഷ്ടപ്പെട്ടെന്നും ഏലക്കൃഷി നടത്തി നഷ്ടം സംഭവിച്ചെന്നും ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം.