- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുക്കാന്‍ ജാമ്യം നിന്നു; തുക തിരിച്ചടയ്ക്കാതെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍: വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്
രണ്ട് വനിതാ പോലീസുകാർക്കായി ജാമ്യം നിന്നു; വിരമിച്ച എസ്.ഐ.ക്ക് ജപ്തിനോട്ടീസ്
അടിമാലി: പോലീസ് സഹകരണ സംഘത്തില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്. സഹപ്രവര്‍ത്തകരായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ജാമ്യം നിന്ന റിട്ടയേര്‍ഡ് എസ്ഐ ആണ് പുലിവാല് പിടിച്ചത്. കഴിഞ്ഞവര്‍ഷം എസ്.ഐ.ആയി വിരമിച്ച അടിമാലി വള്ളപ്പടി പുളിയങ്കല്‍ പി.ജി.അശോക് കുമാറിന്റെ വീട്ടിലാണ് ഇടുക്കി സഹകരണവകുപ്പ് അസി.രജിസ്ട്രാറുടെ നോട്ടീസ് പതിച്ചത്.
സര്‍വീസില്‍ ഇരിക്കെ 2019ലാണ് അശോക് കുമാര്‍ സഹപ്രവര്‍ത്തകരായ രണ്ടു വനിതാ പോലീസുകാര്‍ക്ക് വേണ്ടി ജാമ്യം നിന്നത്. ഇടുക്കി പോലീസ് സഹകരണ സംഘത്തില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പ എടുക്കാന്നായിരുന്നു സുഹൃത്തുക്കള്‍ക്ക് വേണ്ടി സഹായം ചെയ്തത്. ഓവര്‍ ഡ്രാഫ്റ്റ് ആയിട്ടാണ് വായ്പ എടുത്തത്. ഇതുവരെയും വനിതാ പോലീസുകാര്‍ പണം തിരിച്ചടച്ചില്ല. ഈ വിവരം അശോക് കുമാര്‍ അറിഞ്ഞതുമില്ല.
2023 ഡിസംബര്‍ 31-ന് അശോക് കുമാര്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഇതോടെ പോലീസ് സഹകരണ സംഘത്തില്‍ യാതൊരു ബാധ്യതയുമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കി. ഈ രേഖ കിട്ടിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള വിരമിക്കല്‍ ആനുകൂല്യം ലഭിക്കൂ. അപ്പോഴാണ് ഇതുവരെയും ഒരുരൂപ പോലും വനിതാ പോലീസുകാര്‍ തിരിച്ചടച്ചിട്ടില്ലെന്ന വിവരം അശോക് കുമാര്‍ അറിയുന്നത്.
ഇതോടെ കഴിഞ്ഞ ജനുവരിയില്‍ അശോക് കുമാര്‍ ഇടുക്കി പോലീസ് സഹകരണസംഘം ഓഫീസിന് മുന്പില് നിരാഹാര സമരം ആരംഭിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവി സംഘം ഭാരവാഹികളെയും, വായ്പ എടുത്ത വനിതാ പോലീസുകാരെയും അശോക് കുമാറിനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മൂന്നു മാസത്തിനകം പണം അടയ്ക്കാമെന്ന ധാരണയില്‍ എത്തി. ഇതോടെ സംഘം അശോക് കുമാറിന് ബാധ്യതയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
എന്നാല്‍ വനിതാ പോലീസുകാര്‍ പണം തിരിച്ചടച്ചില്ല. ഇപ്പോള്‍ സംഘത്തില്‍ പലിശസഹിതം ഏഴരലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. തുക അടിയന്തരമായി അശോക് കുമാര്‍ നല്‍കണമെന്നും അല്ലാത്തപക്ഷം വീടും പുരയിടവും ജപ്തി ചെയ്യുമെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 28-ന് ഇടുക്കി സഹകരണസംഘം അസി.രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പതിറ്റാണ്ടില്‍ കൂടുതല്‍ സര്‍വീസുള്ള വനിതാ പോലീസുകാര്‍ക്ക് നോട്ടീസ് അയക്കാതെ, തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആശോക് കുമാര്‍ ആരോപിച്ചു. വായ്പയെടുത്ത രണ്ടു വനിതാ പോലീസുകാര്‍ ശാന്തന്‍പാറയിലും മൂന്നാറിലുമാണ് ജോലിചെയ്യുന്നത്. ഇവര്‍ക്കെതിരേ സംഘം നിയമനടപടി സ്വീകരിക്കണമെന്ന് അശോക് കുമാര്‍ ആവശ്യപ്പെട്ടു.