- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടന്‍ മോഷണ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നു; കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് മറുനാട്ടുകാര്‍ പ്രതികളായ 1378 കവര്‍ച്ചക്കേസുകള്‍
മറുനാടന്‍ മോഷണ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നു
കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നടക്കം മറുനാടന്‍ മോഷണ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. എടിഎം അടക്കം തകര്‍ക്കുന്ന ഉത്തരേന്ത്യയിലെ ഹൈടെക്ക് കള്ളന്മാരും തമിഴ് കുറുവാ സംഘങ്ങളും അടക്കം വിവിധ തരം മോഷണ രീതികളുമായി മറുനാടന്‍ മോഷണ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. 2020-നുശേഷം കേരളത്തിലേക്ക് മറുനാടന്‍ മോഷ്ടാക്കളുടെ വരവ് കൂടിയതായി പോലീസും പറയുന്നു.
ഒറ്റപ്പെട്ടതും ആളുകളുടെ എണ്ണം കുറവുള്ളതുമായ വീടുകള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരുട്ട് സംഘങ്ങള്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. ആക്രി പെറുക്കാനെന്ന പേരില്‍ വഴിയോരങ്ങളിലും ഒഴിഞ്ഞ ഇടങ്ങളിലും തമ്പടിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘങ്ങളാണ് ഇതില്‍ മുന്‍പില്‍. ജോലിക്കായി നിത്യേന നൂറുകണക്കിന് മറുനാട്ടുകാരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവരില്‍ കൊള്ള സംഘങ്ങളെ തിരിച്ചറിയാന്‍ സാധിക്കാറില്ല.
അറസ്റ്റിലായാല്‍ മറുനാട്ടുകാരായ പ്രതികള്‍ ജാമ്യമെടുത്ത് മുങ്ങുന്നതും പതിവാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മറുനാട്ടുകാര്‍ പ്രതികളായ 1378 കവര്‍ച്ചക്കേസുകളാണ് സംസ്ഥാനത്തുണ്ടായത്. 1,300-ലധികം മോഷ്ടാക്കളെ വിവിധ ഇടങ്ങളില്‍നിന്ന് ഇക്കാലത്ത് പിടികൂടി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നടന്ന 307 കവര്‍ച്ചകള്‍ക്ക് പിന്നിലും മറുനാട്ടുകാരായിരുന്നു. 2021-ല്‍ 192 മോഷണവും 2022-ല്‍ 360-ഉം 2023-ല്‍ 520-ഉം മോഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. അതില്‍ 2021ലെ 182 കേസുകളിലും 2022-ലെ 350 കേസുകളിലും 2023-ലെ 499 കേസുകളിലും പ്രതികളെ പിടികൂടാനും തൊണ്ടിമുതല്‍ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് കവര്‍ച്ചക്കേസുകള്‍ കൂടിവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് മൊത്തം 6,247 കവര്‍ച്ചക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023-ല്‍ 8258-ഉം 2022-ല്‍ 7043-ഉം കേസുകളുണ്ടായി. അതില്‍ത്തന്നെ 2020-നു ശേഷമാണ് മറുനാടന്‍ കുറ്റവാളികളുടെ വരവ് കൂടിയത്. കൊച്ചിയില്‍ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നേരത്തേ കവര്‍ന്ന കേസിനു പിന്നിലും ഉത്തരേന്ത്യന്‍ മോഷ്ടാവായിരുന്നു. കൊച്ചിയില്‍ അടുത്തയിടെ നടന്ന ഡിജെ പാര്‍ട്ടിക്കിടെ 50,000 മുതല്‍ 1.5 ലക്ഷം രൂപ വരെ വിലയുള്ള 32 ഫോണുകള്‍ കവര്‍ന്ന സംഭവവുമുണ്ടായി. ട്രെയിന്‍-വിമാന മാര്‍ഗമെത്തിയ രണ്ട് സംഘങ്ങളായിരുന്നു ഇതിനു പിന്നില്‍. ഉത്തരേന്ത്യന്‍ സംഘങ്ങളുടെ വെര്‍ച്വല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളും മലയാളികളെയാണ് കൂടുതലായി ലക്ഷ്യംവയ്ക്കുന്നത്.