തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കാതെ അന്തസായി രാജി വെച്ചു പോവുകയാണ് മന്ത്രി സജി ചെറിയാന്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനയെ നിന്ദിച്ചതായി പ്രഥമദൃഷ്ട്യാ ഹൈക്കോടതി വിലയിരുത്തിയ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്തു തുടരാന്‍ ധാര്‍മ്മികമായി സജി ചെറിയാന് കഴിയില്ല.

തൊട്ടുവന്ദിച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ അതേ ഭരണഘടനയെ ആണ് സജി ചെറിയാന്‍ നിന്ദിച്ചത്. ഇത് വിവാദമായപ്പോള്‍ ഒരു വട്ടം രാജിവെച്ചു പോയിട്ടും പൊലീസിനെ സ്വാധീനിച്ച് ക്‌ളീന്‍ ചിറ്റ് വാങ്ങി തിരികെ വന്നു. പുതിയ ഹൈക്കോടതി വിധിയോടെ വീണ്ടും അന്ന് രാജി വെക്കുന്നതിനു മുമ്പത്തെ നിലയിലേക്കു സജി ചെറിയാന്‍ തിരിച്ചു വന്നിരിക്കുന്നു. പൊലീസ് നല്‍കിയ ക്‌ളീന്‍ ചിറ്റ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു.

1972 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്‌സ് ടു നാഷണല്‍ ഓണര്‍ ആക്ട് അനുസരിച്ച് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്.ക്രിമിനല്‍ കുറ്റം ചെയ്തു എന്നു ഹൈക്കോടതി നിരീക്ഷിച്ച ഒരാളാണ് ഇപ്പോള്‍ മന്ത്രിസ്ഥാനത്തു തുടരുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് സജി ചെറിയാന്‍ തുടര്‍ന്നാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയും എന്നത് വ്യക്തമാണ്. ഇത് ജുഡീഷ്യറിയോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.

സജി ചെറിയാന്‍ രാജി വെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. സജി ചെറിയാനെ ന്യായീകരിച്ച് മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. സജി ചെറിയാന്‍ അന്വേഷണത്തെ നേരിട്ട് നിരപരാധിത്വം തെളിയിച്ച് അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തട്ടെ. അതാണ് ജനാധിപത്യ മര്യാദ ചെന്നിത്തല പറഞ്ഞു.