കോട്ടയം: ആശുപത്രിയില്‍ ഉറങ്ങി എഴുന്നേറ്റയാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. അപകടത്തില്‍ പരിക്കേറ്റ മകന്റെ ഓപ്പറേഷന് രക്തം നല്‍കാന്‍ എത്തുമെന്ന് പറഞ്ഞവര്‍ വിളിക്കുമെന്ന് പറഞ്ഞ ഫോണ്‍ ആണ കള്ളന്മാര്‍ കൊണ്ടുപോയത്. ഇതോടെ മൂലമറ്റം കുന്നംമ്പള്ളില്‍ അജയ്കുമാര്‍ ആകെ പരിഭ്രാന്തിയിലായി. മെഡിക്കല്‍ കോളജ് സൈക്യാട്രി ഒപി പരിസരത്ത് നിന്നാണ് അജയ കുമാറിന്റെ ഫോണ്‍ മോഷണം പോയത്. എന്നാല്‍ ഫോണ്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടിയ അജയ കുമാര്‍ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് കണ്ട് മാപ്പു നല്‍കി വിട്ടയക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ടച പുലര്‍ച്ചെയാണ് സംഭവം. തിങ്കളാഴ്ച അജയ്കുമാറിന്റെ മകന്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിടെ കാറിടിച്ചു പരുക്കേറ്റു. ചൊവാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി രാത്രി സൈക്യാട്രി ഒപിക്ക് സമീപം സിസിടിവി കാമറയുള്ള ഭാഗത്ത് അജയ്കുമാര്‍ കിടന്ന് ഉറങ്ങി. ചൊവാഴ്ച പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് മോഷണം. രാവിലെ എഴുന്നേറ്റപ്പോഴാണ് ഫോണ്‍ മോഷണം പോയ വിവരം തിരിച്ചറിഞ്ഞത്.

ഫോണ്‍ പോയതോടെ അജയ്കുമാര്‍ പരിഭ്രാന്തിയിലായി. ആ ഫോണിലേക്കാണ് ശസ്ത്രക്രിയക്ക് ആവശ്യമുള്ള രക്തം കൈമാറാന്‍ വരുമെന്ന് പറഞ്ഞവര്‍ വിളിക്കേണ്ടിയിരുന്നത്. ഫോണ്‍ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയതോടെ അജയകുമാര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. ശസ്ത്രക്രിയക്കായി അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണവും പെട്ടെന്ന് പിന്‍വലിച്ചു. ഇതിനിടെ രക്തം നല്‍കാനെത്തിയവര്‍ അജയകുമാറിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ തിരികെ മടങ്ങുകയും ചെയ്തു. മകനു സര്‍ജറിക്കു മുന്‍പ് ചുമ കടുത്തതോടെ സര്‍ജറിയും മുടങ്ങി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അതേസമയം അജയ്കുമാര്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. ആപ്പിള്‍ ഫോണിന്റെ ഫൈന്‍ഡ് മൈ ഫോണ്‍ സംവിധാനം ഉപയോഗിച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ഒരു മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രം ലൊക്കേഷന്‍ കാണിച്ചതോടെ അവിടെയെത്തി. കടക്കാരനോട് വിവരങ്ങള്‍ തേടി. രണ്ട് കുട്ടികളാണ് ഫോണ്‍ വിറ്റതെന്ന് മനസ്സിലായി. ഡിസ്‌പ്ലേ തകരാറിലെന്ന് പറഞ്ഞ് വന്നതെന്നും ഫോണ്‍ 5000 രൂപയ്ക്ക് വിറ്റെന്നും കടയുടമ പറഞ്ഞു.

അജയ്കുമാറിന്റെ ഫോണെന്ന് മനസിലാകാതെ ഇരിക്കാനാണ് കുട്ടികള്‍ ഫോണിന്റെ ഡിസ്‌പ്ലേ നശിപ്പിച്ച ശേഷം വിറ്റത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കടയുടമ തന്നെ ഡിസ്‌പ്ലേ നന്നാക്കി ഫോണ്‍ അജയകുമാറിനു നല്‍കി. കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും കുട്ടികള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തു.