മലപ്പുറം: കുട്ടികള്‍ക്ക് മുണ്ടിനീര് പടര്‍ന്നു പിടിച്ചതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഒന്ന്, രണ്ട് ക്ലാസുകളിലെ മുപ്പതോളം കുട്ടികള്‍ക്കാണ് രോഗബാധ.

ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റു കുട്ടികളിലേക്ക് പടരുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്‌കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.

ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് രോഗം പടരാതിരിക്കാനാണ് ക്ലാസുകള്‍ നിര്‍ത്തി വെച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. രോഗം ഭേദമാകാന്‍ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.