മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പതുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്. കണ്ണൂരില്‍നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈത്ത്, റാസല്‍ഖൈമ, മസ്‌കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഇളവ്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്കും മറ്റു രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ യാത്രയ്ക്കും ആനുകൂല്യം കിട്ടും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'കണ്ണൂര്‍' എന്ന പ്രമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താം. വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ-കായിക മത്സരങ്ങളും നടക്കുന്നുണ്ട്. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്.