പത്തനംതിട്ട: പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. 2020 ഒക്ടോബര്‍ 22 ന് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ചെന്നീര്‍ക്കര പ്രക്കാനം തോട്ടുപുറം പ്ലാമൂട്ടില്‍ വീട്ടില്‍ സുജിത്തി(43)നെയാണ് കോടതി ശിക്ഷിച്ചത്.

ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകള്‍ക്കും 20 വര്‍ഷം വീതം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് 5 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും, ഭീഷണിപ്പെടുത്തിയ കുറ്റത്തിന് രണ്ട് വര്‍ഷവും, ബാലനീതി നിയമം വകുപ്പ് 75 പ്രകാരം 3 വര്‍ഷവും ഒരു ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷത്തെ അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.ആര്‍.ലീലാമ്മയാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.