തിരുവനന്തപുരം: പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവര്‍ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ സഹായം ഉറപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാന്‍ പാടില്ലെന്നും എപിഎല്‍, ബിപിഎല്‍ വ്യത്യാസം ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലും സംവിധാനങ്ങളുണ്ട്. ഇതിന്റെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള രൂപരേഖ തയ്യറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ കലക്ടറും പ്രദേശിക തലങ്ങളില്‍ തദ്ദേശസ്ഥാപന മേധാവികളും നേതൃത്വം വഹിക്കണം.

ഇത്തരം സ്ഥാപനങ്ങളുടെയും വളണ്ടിയര്‍മാരുടെയും രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ നടത്തും. രജിസ്ട്രേഷനില്‍ പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ അപ്പലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വളണ്ടിയര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്‍കും. തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പ്രധാന ചാരിറ്റി സംരംഭകരുടെയും യോഗം നടത്തും.

യോഗത്തില്‍ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, വീണാ ജോര്‍ജ്ജ്, ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പുനീത്കുമാര്‍, രാജന്‍ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം എബ്രഹാം, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.