കൊച്ചി: മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മദ്രസയുടെ ടെറസിലും നിസ്‌കാരമുറിയിലും വച്ചായിരുന്നു പീഡനം.

കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂളില്‍ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

പ്രതി പെണ്‍കുട്ടിയെ എട്ടു പ്രാവശ്യം പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 5 വകുപ്പുകളില്‍ ആയാണ് ഷറഫുദ്ദീനെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും 2 വകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. തുടര്‍ച്ചയായി 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.