പത്തനംതിട്ട: ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു പരുക്കേറ്റു മരിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു എ.സജീവിന്റെ അച്ഛന്‍ സജീവ് കേസുമായി ബന്ധപ്പെട്ട് പോലിസിന് മൊഴി നല്‍കി. പത്തനംതിട്ട ഡിവൈഎസ്പിക്കു മുന്നിലാണ് അദ്ദേഹം മൊഴി നല്‍കാന്‍ എത്തിയത്. തുടക്കം മുതല്‍ പറഞ്ഞതു പോലെ തന്നെ മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് അദ്ദേഹം ഡിവൈഎസ്പിക്കു മുന്നിലും ആവര്‍ത്തിച്ചു.

സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് കുട്ടികളാണ് പ്രധാനമായും അമ്മുവിനെ ഹോസ്റ്റലില്‍ ഉപദ്രവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. കോളജിലെ കുട്ടികളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയോ എന്ന കാര്യം അന്വേഷിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായ പിഴവും കുട്ടികള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അമ്മു എ.സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ സഹപാഠികളുടെ ജാമ്യാപേക്ഷ ഇന്നലെ നല്‍കിയത് കോടതി നാളെ പരിഗണിക്കും. കേസില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന വകുപ്പുകള്‍ പൊലീസ് അധികമായി ചേര്‍ത്തിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.