കൊച്ചി: ഡിജിറ്റല്‍ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി കാക്കനാട് സ്വദേശിയായ റിട്ട. കോളേജ് അധ്യാപികയില്‍ നിന്നും 4.11 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായവര്‍ സ്ഥിരം തട്ടിപ്പുകാര്‍. ഇവര്‍ക്കെതിരേ മറ്റ് സംസ്ഥാനങ്ങളിലും സൈബര്‍ കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റു സംസ്ഥാനങ്ഹളിലും സമാനമായ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ് ഇവര്‍. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബോധ്യമായി. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സിറ്റി സൈബര്‍ പോലീസ് പിടികൂടിയ കോഴിക്കോട് സ്വദേശി കെ.പി. മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ് മുഫസലിനുമെതിരേ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പരാതികള്‍ വന്നിട്ടുണ്ട്. ഇവരുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മറ്റ് പല തട്ടിപ്പുകളില്‍ നിന്നും പണമെത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍നിന്നും 1.34 ലക്ഷം രൂപയും ഒരു കാറുമാണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്. 4.11 കോടിയില്‍ പിന്‍വലിക്കാതിരുന്ന പണം പോലീസ് ഇടപെട്ട് ബാങ്ക് അധികൃതര്‍ മരവിപ്പിച്ചിട്ടുണ്ട്.

കാക്കനാട് സ്വദേശിനിയില്‍നിന്ന് തട്ടിയെടുത്ത പണം 450-തോളം അക്കൗണ്ടുകളിലേക്കാണ് പോയത്. ഇപ്പോള്‍ പിടിയിലായ രണ്ടുപേരും പണം എ.ടി.എം. വഴി പിന്‍വലിച്ചവരാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇതുകൂടാതെ പശ്ചിമബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സൈബര്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളില്‍നിന്ന് കെ.പി. മിഷാബിന്റെയും മുഹമ്മദ് മുഫസലിന്റെയും അക്കൗണ്ടുകളിലേക്ക് പണം വന്നതായും സൂചനയുണ്ട്.

ഇരുവരുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരുകയാണ്. രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. സൈബര്‍ എ.സി.പി. എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ് അന്വേഷിക്കുന്നത്.