കല്‍പറ്റ: വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കര്‍ണാടകയിലെ കുശാല്‍നഗറില്‍ നിന്നുള്ള ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുശാല്‍നഗറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും ഒരു സ്റ്റാഫിനും ആണ് പരിക്ക് ഏറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. സ്റ്റാഫിന്റെ കൈയ്ക്ക് ഒടിവുണ്ട്.