കണ്ണൂര്‍: വളപട്ടണത്തെ അരിവ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് കവര്‍ച്ചെചയ്ത പണവും സ്വര്‍ണാഭരണങ്ങളും കണ്ണൂര്‍ ട്രഷറിയിലെ ലോക്കറിലേക്ക് മാറ്റി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പണവും സ്വര്‍ണവും ട്രഷറിയിലേക്ക് മാറ്റിയത്. കണ്ണൂരിലെ എസ്.ബി.ഐ.യില്‍ 1,21,43,000 രൂപ എണ്ണിത്തിട്ടപ്പെടുത്തി ലക്ഷങ്ങളുടെ കെട്ടുകളാക്കിയാണ് ലോക്കറില്‍ വച്ചത്.

ബുധനാഴ്ച ഉച്ചയോടെ പണവും വൈകിട്ട് 267 പവന്‍ സ്വര്‍ണാഭരണങ്ങളും മാറ്റിയതായി വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി.സുമേഷ് പറഞ്ഞു. പണവും ആഭരണങ്ങളും തങ്ങളുടെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉടമ കോടതിയില്‍ ഹാജരാക്കിയാലേ സ്വര്‍ണവും പണവും തിരിച്ചുലഭിക്കൂ. അതുപോലെ പണത്തിന്റെ കണക്കും കൃത്യമായി കാണിക്കണം.

അഷറഫിന്റെ ഭാര്യയുടെയും മകളുടെയും മകന്റെ ഭാര്യയുടെയും കൊച്ചുമക്കളുടെതുമാണ് ആഭരണങ്ങളെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിരുന്നു. ബിസിനസിലൂടെ സമ്പാദിച്ച പണമാണെന്നാണ് അഷറഫ് പോലീസിനോട് പറഞ്ഞത്. ഈ രേഖകളൊക്കെ കോടതിയില്‍ ഹാജരാക്കും.